2011, ഡിസംബർ 26

കാലം തെറ്റിയ ഓര്‍മ്മകള്‍ .........


ഇലത്തുമ്പില്‍ പുതുമഴയൊരു
 പ്രണയമായ് പെയ്യവേ,
നിഴലും നേര്‍ത്തൊരു  വെയില്‍ നാളവും
തെല്ലിട പുല്കിപ്പിരിഞ്ഞിടും-
ഒരു കൊച്ചു ക്ലാസ്സുമുറിയില്‍ .
എന്തിനോ വേണ്ടി നാം ഒത്തുചേര്‍ന്നു-
നാം ഒരുപാടു പേര്‍ !

ഒരു ചിമിഴിന്‍ ഹൃദയത്തുടിപ്പുപോല്‍
നിറവാര്‍ന്നിളം  പുഞ്ചിരി;
ഉപചാരമായ് വീണിടും  മൊഴിമുത്തുകള്‍,
നാമേതോ നിയോഗത്തിന്‍റെ  നാമ്പുകള്‍,
നാം പുതിയ സുഹൃത്തുക്കള്‍ !

ഒരു മാന്ത്രിക പക്ഷിപോല്‍ ലോക-
മതിന്‍റെ ചിറകിന്‍റെ  വേഗത്തില്‍ -
പ്രജ്ഞയറ്റവര്‍  നമ്മള്‍, പിന്നെ-
യോന്നിച്ചതിന്‍ ചിറകരിയുവാന്‍ 
ഓടിത്തളര്‍ന്നവര്‍ നമ്മള്‍,-
നാം സുഹൃത്തുക്കള്‍!!! !! !! !

കാലമാം ചിതലിന്നു മാപ്രാപ്യമായ്-
സ്മൃതികളില്‍ സ്മൃതികളാല്‍ മേവുന്ന-
നിറമറ്റൊരാ പാവം മരത്തിന്‍റെ ബെഞ്ചില്‍
ഒരു നാളുമുണങ്ങാത്ത മുറിവായിത്തീരുവാന്‍ 
പേരുകോറി വരച്ചവര്‍  നമ്മള്‍,-
നാം സുഹൃത്തുക്കള്‍ !

സൌഹൃദത്തിന്‍ നിലയ്ക്കാത്ത നാദമായ് -
ഉയിര്‍ക്കുവാന്‍
ഒന്നിച്ചോരുപാടു  പാട്ടുകള്‍
പാടിതിമിര്‍ത്തവര്‍ നമ്മള്‍- -----
നാം സുഹൃത്തുക്കള്‍ !

പിന്നെ പിരിയുന്നതിന്‍ കണ്ണുനീരാറ്റുവാന്‍ 
മധുരം നുണച്ചിറക്കീടവേ -
ഹൃദയമാം താളിന്റെ കോണിലെങ്ങോ
നഷ്ടവസന്തത്തിന്‍ ഈറ്റുനോവായ്,
അരിച്ചിറ ങ്ങീടുവാന്‍  തുടിച്ചവര്‍ നമ്മള്‍
നാം സുഹൃത്തുക്കള്‍ !

ഇന്നു നാം ഒരുപാടു കാതമകലെയെന്നാകിലും,
നേര്‍ത്തൊരു ചെറുവിരല്‍തുമ്പിലെ ജാലമായ് 
നിമിഷാര്‍ദ്ധങ്ങളില്‍ കാണാതെ കാണുന്നവര്‍ !
ഓര്‍(((((മ്മക്കൂട്ടിലും മുഖത്താളിലും 
എന്തിനോ വേണ്ടി തിരയുന്നവര്‍! !!!! !
പറയുവാന്‍ വേണ്ടിയെന്തോ പറഞ്ഞൊരു വേള-
ചെതനയറ്റോരു  ചോദ്യശകലമായ്‌ 
മൌനത്തിന്‍ വാല്മീകങ്ങളില്‍
മുഖം പൂഴ്ത്തുന്നവര്‍ ;
നാം പഴയ സുഹൃത്തുക്കള്‍,
ആത്മാവ്  പണയപ്പെടുത്തിയവര്‍ !




                                                                                                  ചാന്ദ്നി രാജീവ്‌