2012, ജനുവരി 7

''അമ്മെ ഒരു വാക്ക് "..............

                                             

കര്‍ണന്‍:::  :;

"അമ്മെ, നിന്നുയിരിന്‍ അമൃത കണമായൊരെന്നെ 
എന്തിനു നീ അടര്‍ത്തിമാറ്റി?
ചോരപ്പു മാറാത്തോരീയിളം ചുണ്ടില്‍ 
ച്ചുടുപാല് നുകരാതെ,
ഇളം മേനി മുകരാതെ,
നിയതി തന്‍ അലയില്‍ -
ഒരോടമായ് കയ്യൊഴിഞ്ഞു ?

നിശയുടെ മാറിനെ കീറുമീ അഭിശപ്ത രോദനം 
ഒരു വേള നിന്‍ നിശാ മന്ദിരത്തിന്‍ -
കമനീയമാം ഭിത്തി ഭേദിച്ചുവോ?
നിദ്ര പുല്കാതെ നീയുഴറുമേതോ-
 ഏകാന്തയാമത്തില്‍ -
നിന്‍ മാറിടം ചുരന്നുവോ?
ഈ അനാഥ ജന്മത്തെയോര്‍ത്തു നിന്‍ കടക്കണ്ണില്‍ 
ഒരശ്രു കണം ഉതിര്‍ന്നുവോ ?
തത്ക്ഷ ണം വറ്റിയോ?

മദം നുരയുമാ ആയുധക്കളരിയില്‍,
നിന്‍ ഏകാനാമീ സൂര്യപുത്രന്‍ -
സൂത പുത്രനായ്‌ ഉരുകവേ,
ശുഭ്ര മാം  ചേലയിലെല്ലാം മറച്ചു നീ 
ഒരാലസ്യത്തെ പുല്കവേ ,
തോഴിമാര്‍ നിനക്കായ്‌ ചാമരം വീശവേ ,
കേട്ടുവോ നീ ,-
നീറിപ്പിടയുമീ നെഞ്ചകത്തിന്‍ നിതാന്ത വേദന ?

നഞ്ഞില്‍ പൊതിഞ്ഞ വാക്ഭേരികള്‍--
നിന്‍ പുത്രനു ശരശയ്യ  തീര്‍ക്കവേ ,
താണുപോയൊരീ  ശിരസ്സൊന്നുയര്‍ത്തുവാന്‍,
ഈ മൂര്‍ദ്ധാവില്‍  മുകരുവാന്‍ ,
ചുട്ടു പോള്ളുന്നോരീ ആത്മാവിനോരിറ്റു-
ദാഹനീര്‍ നല്‍കുവാന്‍ ആരുണ്ട് ?, ഇവളീ -
ധരിത്രി മാത്രമോ? 

വ്രണിതയായ്‌, വ്യഥിതയായ്,
ആകെത്തളരും  തനുവും മിഴിയുമായ് ,
ഇന്നു നീയെന്‍ അരികിലെത്തി -
പുത്രപ്രാണ ഭിക്ഷയ്ക്കായ്‌ !
അമ്മെ, മഹനീയം നിന്‍ മാതൃത്വം !
ഇന്നു നീ പിടയുന്നു, നിന്‍ -
വീരപുത്രന്മാര്‍ തന്‍ പ്രാണനായ്  ,
കൈ നീട്ടുന്നു, കേഴുന്നു ,
വെറുമീ  സൂത പുത്രനോടായ്  !

അമ്മെ. കരയായ്ക !
വിധിയേറെ വഞ്ചിച്ചിവനെയെങ്കിലും 
ചതിപ്പാന്‍ കഴിവീല ,ജീവവായുവാം പ്രിയ തോഴനെ ,
അവനേകിയ വാക്കിനെ ,
ഈ സൂര്യപുത്രന്‍റെ ധര്‍മ്മത്തിനെ!
മറന്നു കൊള്‍ക പാര്‍ത്ഥനെ,
കൌന്തേയരായ്  നിനക്കെന്നുമുണ്ടാം അഞ്ചു പേര്‍,
ഇതു നിന്‍റെ പുത്രന്‍റെ  സത്യം !
മറുവാക്കു നല്കുവാനാവില്ലെനിക്കിന്നു 
പൊറുക്കുകീ പുത്രന്‍റെ പാപം !

അമ്മെ , മിഴിനീര്‍ തുടയ്ക്ക ,
നിന്‍ മിഴിനീരിനാവില്ല മായ്ക്കാന്‍
ഈ ഹൃദയത്തിനേറ്റൊരീ കടും മുറിപ്പാടുകള്‍ !
നിന്‍ കണ്ണുനീരിന്‍ ചവര്‍പ്പിനാല്‍ മറക്കാവതല്ല
ഇവനന്യമാം സൌഭാഗ്യമൊന്നും;
എങ്കിലും അമ്മെ, നീയെന്‍റെ പ്രാണന്‍റെ മറുപാതി
വെറുക്കുവാനാവില്ലെനിക്കീ ജന്മമെങ്കിലും
പൊറുക്കുവാനും വയ്യ ,
നീ പൊറുക്കുക !

കത്തി ജ്വലിക്കുന്നോരീ താതന്‍റെ താപം
തളര്‍ത്തുന്നുവോ നിന്നെ ? എന്നെയും-
ഇനിയുമൊരു ഉദയാരുണിമയും ,
മധ്യാഹ്ന മോഹവും ,
വിടവാങ്ങലിന്റെ നോവും
പേറുവാനാവില്ല നിനക്കീ -
വാഴ്വിലെന്നറിയാം,അമ്മെ -
ഇടറാതെ വീഴാതെ നീ വരികയീ-
പുത്രന്‍റെ നിഴലിന്‍റെ തണലില്‍ !

ഇതാ വിട ചൊല്ലുവാന്‍ വിതുമ്പുന്നു താതന്‍ ,
ആയിരം വാക്കുകള്‍ ചൊല്ലാതെ ചൊല്ലി നിന്‍ മൌനം,
നേരും നോവും നെഞ്ചിലേറ്റി ഈ
കൊടും മരീചികയില്‍ ഇവന്‍ ,
എത്ര ധന്യമീ സമാഗമം ,
ഏറെ വൈകിയെന്നാകിലും !"

 *********************************************


ഹൃദയ രക്തത്തില്‍ കുതിരുന്നു ചക്രവാളം ;
കര്‍മ്മഗതി തന്‍ കണ്ണുനീരായ് ഗംഗ,
ഒരു നേര്‍ത്ത ശോകഗാന തന്ത്രിയില്‍
കിതയ്ക്കുന്നു സന്ധ്യാ മാരുതന്‍ ;
ആത്മ ഭേദകമീ  കണ്ണുനീരിനെ -
പുണരുവാനാവാതെ പൊള്ളുന്നു
മണല്‍ത്തരികള്‍ !
കണ്മുന്നില്‍ ജ്വലിക്കുമീ അരുമയാം പുത്രനെ -
കണ്‍  തുറന്നൊന്നു നോക്കുവാനശക്തയായ്
ഒരമ്മയും !
ഒരു ചായക്കൂട്ടിലും പകര്‍ത്തുവാനാവില്ലോരീ ചിത്രം ,
ഇവിടെ പ്രപഞ്ചം , ഒരു നിശബ്ദ കിന്നരം!

തുളുമ്പുന്നു മൌനം ശോക വീചിയായ്‌,
നിസ്വയാമീ അമ്മ തന്‍ അശ്രുവില്‍ -
വീണലിയുന്നു ,
ഈണം മുറിഞ്ഞ താരാട്ടുപാട്ടായ് ......
പാല്‍ പുഞ്ചിരി കൊഞ്ചലായ്‌ പോഴിയേണ്ട
അമ്മയെന്നൊരാ   വിളി
ആകാശ ഭേരിയായുലച്ചിടുന്നു തളര്‍ന്നോരീയുടല്‍........ .....!!
വിറയ്ക്കുന്ന നീള്‍മിഴി കളൊരുക്ഷണം
അറിയാതെ തഴുകിയോമന പുത്രന്‍റെ വദനം ...

വിസ്മയത്തിന്‍ മാരിവില്ലുദിച്ച  മിഴികളില്‍
തുടിച്ചു ആത്മ ഹര്‍ഷത്തിന്‍ പുളകങ്ങള്‍ -
തത്ക്ഷണം നഷ്ട ഭാഗധേയത്തിന്‍ തീരാ ശോകമായ്
ആത്മ നിന്ദ തന്‍ പേമാരിയായ്
പെയ്തലച്ചു കരയുവാന്‍ മാത്രം
വിധിച്ചോരാ കണ്ണുകള്‍ !
ഇനിയുമൊരായിരം ചോദ്യ മുനകളില്‍
തിളച്ചോരു  പുത്രനും ആര്‍ദ്രനായ് -
അറിയാതെ നീട്ടിയ കൈകളില്‍ തളര്‍ന്നമര്‍ന്നൊരു
താമരപ്പൂവായ് അമ്മ ,
അവര്‍ കന്മദം പെയ്യുന്ന ശിലകളായ്!

അലയാഴി തന്‍ അന്തരംഗത്തില്‍
മേവുമാ വിഫല മോഹങ്ങളെ,
നേരിന്‍ ചുഴികളെ ,
ആര്‍ത്തനാദങ്ങളെ
ഇടനെഞ്ചിലൊതുക്കി, ക്കിതയ്ക്കും-
വലംപ്പിരി ശംഖിന്‍,നേര്‍ത്ത നാദമായ്
ഒഴുകിയാസ്വരം .......

************************************************


കുന്തി :

"ഉണ്ണീ  .........................................
പറയുവാനേറെയുണ്ടെങ്കിലും   അമ്മ
നിനക്കായ്‌ കാത്തു വെച്ചോരാ മൊഴിമുത്തുകള്‍
ഇന്നിതാ ചിതറി  തെറിച്ചു പോകുന്നു;
മാപ്പു നീ നല്‍കേണ്ടതില്ല -
ഈ കൊടും പാപിയിവള്‍ക്കിനിയതിന്‍ -
ഭാരവും വയ്യ പേറുവാന്‍!!! !......;
എങ്കിലും ,   ഉണ്ണി ,
ശാന്തമാം ശൈലത്തിനുള്ളില്‍ മുനിഞ്ഞിടും
അഗ്നിനാളങ്ങളെന്ന പോല്‍
ഇവളീ തകര്‍ന്നുടഞ്ഞോരീ  ഹൃത്തില്‍ -
കൊളുത്തിയ ഇത്തിരിവെട്ടമാം സ്നേഹത്തെ
നീ വെറും കാപട്യമായ് തള്ളരുതോമനേ !

പട്ടുമെത്തകള്‍ മുള്‍പ്പടര്‍പ്പാകും-
രാത്രി തന്‍ കളിയരങ്ങിലെന്നും,
ഉണ്ണീ , നീയെങ്ങോ ഉണര്‍ന്നു-
 കരഞ്ഞുവോ, എന്നാ തേങ്ങലില്‍-- --
പാടുവാനാഞൊരാ ശീലുകള്‍
ഇന്നുമിവളില്‍ വിതുമ്പുന്നു ,
ജനിമൃതികളില്ലാതെ !

ആരുമേ കാണാതിവള്‍ തുന്നിയ പട്ടുകുപ്പായങ്ങള്‍,
ആശ തന്‍ പൊന്‍മണികള്‍  കൊരുത്തൊരു കൊലുസ്സുകള്‍ ,
ചന്ദനകാതലില്‍ തീര്‍ത്തൊരു  കളിപ്പാട്ടങ്ങള്‍
എന്നുമിവയെ പുണര്‍ന്നമ്മ  പിന്നിടുന്നു -
ഈ ജീവിത മിഥ്യ തന്‍ നീണ്ട ഇടനാഴികള്‍ !

കണ്ണുനീരിന്‍ നിറകുടവുമായ് വിധി
ഇവളെയെന്നും വരവേറ്റതെങ്കിലും,
ഇന്നീ പുണ്യ  തീര്‍ത്ഥത്തിന്‍ സ്പര്‍ശനം -
നല്കിയെന്നില്‍ മോക്ഷം ചോരിഞ്ഞല്ലോ!
ദിനങ്ങളും , ഋതുക്കളും ,യുഗങ്ങളും കടന്നുപോം -
എങ്കിലും ഉണ്ണി, നിന്‍ യശസ്സെന്നുമേ ജ്വലിക്കും,
ഈ ഭൂവില്‍ സൂര്യന്‍ പ്രകാശിക്കുവോളം .......!

പോകുവാന്‍ നേരമായ്  ഉണ്ണീ........
എന്നുമെന്‍ മനോരാജ്യങ്ങളില്‍
വാണരുളുന്നു നീ സൗവര്‍ണ്ണ ദീപ്തിയായി ;
അതിഗൂഡമിവളീ പ്രാണനില്‍ അണയാതെ കാത്തിടും
വാത്സല്യനൈവേദ്യമൂട്ടുവാന്‍  ,
നെഞ്ചോടു ചേര്‍ത്തൊന്നണയ്ക്കുവാന്‍,
ജന്മാന്തരങ്ങള്‍ക്കപ്പുറത്തായമ്മ കാത്തു നില്‍ക്കാം ,
ഉണ്ണീ ,-
നീയെന്‍ ചാരെ വന്നണയുവോളം !"

ഏറെ നേരം ഗാഡം പുണര്‍ന്നവര്‍ നിന്നൂ ...
ആ നിര്‍മല ബാഷ്പധാരയില്‍,
കുതിര്‍ന്നുവോ കവചങ്ങളും !
ഒരു പ്രാര്‍ത്ഥനാ മന്ത്രമായ് മൊഴിഞ്ഞു പുത്രന്‍ ......

"അമ്മെ , കരയായ്ക........,
നാം ഗ്രഹണമേറ്റൊരു ഭാഗ്യജാതകങ്ങള്‍ !
കൊടും വേനലും , വര്‍ഷവും , ശൈത്യവും വന്നു പോയ്‌ ,
വീണ്ടു മൊരു വസന്തത്തിനായ്
നമുക്കിനി നോമ്പു നോല്‍ക്കാം !

നിണമൊഴുകും മനസ്സുമായ്
താതന്‍ പോകുന്നുവോ?
നേരമായ് , നമുക്കും ചൊല്ലിടാം യാത്രാമൊഴി !
ഇനിയൊരു പുനസമാഗമത്തിനെത്ര ദൂരം ?
എത്ര ജന്മങ്ങള്‍ ......................................................?"



                                                                                        ചാന്ദ്നി രാജീവ് 



9 അഭിപ്രായങ്ങൾ:

  1. dear chandini... it was tough reading in malayalam coz i am really bad at reading and i never learnt malayalam... but from whatever i could gather... its beautiful.. keep on writing... and try english too

    മറുപടിഇല്ലാതാക്കൂ
  2. ഉച്ചത്തിൽ ഈണത്തിൽ ചൊല്ലാൻ പറ്റിയ കവിത.ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. "വിധിയേറെ വഞ്ചിച്ചിവനെയെങ്കിലും
    ചതിപ്പാന്‍ കഴിവീല ,ജീവവായുവാം പ്രിയ തോഴനെ ,
    അവനേകിയ വാക്കിനെ ,
    ഈ സൂര്യപുത്രന്‍റെ ധര്‍മ്മത്തിനെ!
    "

    കവിത നന്നായിരിക്കുന്നു.....
    അതും കര്‍ണ്ണനെ കുറിച്ചാകുമ്പോള്‍ മാധുര്യം കൂടും....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആശംസകള്‍ക്ക് വളരെ നന്ദി ...കര്‍ണനെ കുറിച് എത്ര പറഞ്ഞാലും തീരില്ലല്ലോ ...

      ഇല്ലാതാക്കൂ
  4. അജ്ഞാതന്‍1/17/2014 9:19 AM

    വളരെ നന്നായിട്ടുണ്ട് ചാന്ദിനി ! ഇനിയും എഴുതുക! ആശംസകൾ!

    മറുപടിഇല്ലാതാക്കൂ