2012, ഫെബ്രുവരി 6

പെണ്‍പക്ഷികള്‍

ഇരുളിന്‍റെ  തീരമണയാറായ് -
വേഗം പറന്നിടാം ;
കൂടണയാന്‍ ഇനിയുണ്ട്
വിളിപ്പാടു ദൂരം ;

പകലോന്‍ മറഞ്ഞു പോയ്‌ ,
വാനില്‍ നിശാനര്‍ത്തകിമാര്‍ -
പൊള്ളുന്ന നോവിന്‍റെ തിരശീലയില്‍ 
ജീവനനടനമാടിത്തിമിര്‍ക്കുകയായ് .....

കൊതിയുണ്ട്,
ആകവേ പൂത്തുലഞ്ഞ 
പവിഴമല്ലിക്കൊമ്പില്‍,
വിടരുവാന്‍ വെമ്പുന്ന പൂവിന്‍റെ
വിശുദ്ധ സുഗന്ധ സ്പര്‍ശമേറ്റൊ-
ന്നുറക്കെ പാടുവാന്‍ :

നിശാഗന്ധികള്‍ വെണ്മ തൂവും 
വഴിയോരങ്ങളില്‍ വീണ്ടും ,
സഖികളോടൊതൊരുപാടു -
കഥകളോതുവാന്‍ :

ചിറകില്‍ മുളയ്ക്കും പൊന്‍പീലികള്‍ 
പേര്‍ത്തും വിടര്‍ത്തി 
കറുത്തോരാകാശങ്ങളെ 
മയക്കുവാന്‍ ;
നിലാവിന്‍റെ ശ്വേതാശ്വങ്ങളിലേറി
നിറമെഴും പൂങ്കാവനങ്ങളെ  വരിക്കുവാന്‍ ,

കൊതിയുണ്ട് ,
തേവരെത്തും നാളില്‍ മാനത്തു-
വിരിഞ്ഞിടും വര്‍ണ മേളങ്ങളില്‍ ,
പാതിരാവിന്‍റെ പ്രണയിനിയായ്
ലയിക്കുവാന്‍ !

***************************************


രാവണയാറായ്, വേഗം -
പറന്നിടാം, പുറകിലേതോ
കഴുകന്‍റെ ചിറകടി കേട്ടുവോ ?

 
കേള്‍ക്കുവാന്‍ കാതില്ല 
ലോകത്തിനെങ്കിലും ഏറ്റു ചൊല്ലട്ടെ
ഇനിയുള്ള പുലരികള്‍ -
വക്കുപൊട്ടി തേഞ്ഞുടഞ്ഞോരീ വാക്കുകള്‍ !

തിരികെ വേണമെനിക്കെന്‍റെ
കിനാവിലെ മുന്തിരി തോപ്പുകള്‍ ;
തിരികെ  വേണമെനിക്കെന്‍റെ 
നിലാവിന്‍റെ നേരുകള്‍ ;
തളരുമീ ചിത്തത്തി നുണര്‍വേകുവാന്‍ 
തിരികെ വേണമെനിക്കെന്‍റെ 
പുഴയുടെ തെളിനീര്‍ചാലുകള്‍ ;

പെണ്ണിന്‍റെ തൂവലില്‍ 
പോലുമാര്‍ത്തി കാട്ടി ,
ഒളികണ്ണുമായ് നില്‍ക്കും വേടരെ
ജയിച്ചീടുവാന്‍ വേണമെനിക്കു
 പുതിയൊരു രക്ഷാമന്ത്രവും ;

പിടിച്ചുകെട്ടീടുവാന്‍ , വലയിലാക്കാന്‍ 
പുറകെയുണ്ടൊരുപാടു നിഴലുകള്‍ -
കൂര്‍ത്ത നഖ മുനകള്‍ ;
ചിറകുകള്‍ കുഴയുന്നുവോ ?
എങ്കിലും 
മനസ്സു കുഴയുവോളം പറക്കുവാന്‍ ,
തിരികെ വേണമെനിക്കെന്‍റെ  ചക്രവാളങ്ങള്‍ !
കാലങ്ങള്‍ക്കപ്പുറം മാറ്റൊലി കൊള്ളുവാന്‍
തിരികെ വേണമെനിക്കെന്‍റെ  ശബ്ദവും !



6 അഭിപ്രായങ്ങൾ:

  1. മനസ്സു കുഴയുവോളം പറക്കുവാന്‍ ,
    തിരികെ വേണമെനിക്കെന്‍റെ ചക്രവാളങ്ങള്‍ !
    കാലങ്ങള്‍ക്കപ്പുറം മാറ്റൊലി കൊള്ളുവാന്‍
    തിരികെ വേണമെനിക്കെന്‍റെ ശബ്ദവും !

    കവിത നന്നായി ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. സ്വപ്നങ്ങളും ആശങ്കകളും കൂട്ടിയിണക്കിയ കവിത ഇഷ്ടപ്പെട്ടു.
    എങ്കിലും

    മനസ്സു കുഴയുവോളം പറക്കുവാന്‍ ,

    തിരികെ വേണമെനിക്കെന്‍റെ ചക്രവാളങ്ങള്‍ !

    കാലങ്ങള്‍ക്കപ്പുറം മാറ്റൊലി കൊള്ളുവാന്‍

    തിരികെ വേണമെനിക്കെന്‍റെ ശബ്ദവും !

    ഈ വരികള്‍ പ്രത്യേകിച്ചും. ഇനിയും വരാം. നല്ല രചനകള്‍ ഉണ്ടാവട്ടെ!

    മറുപടിഇല്ലാതാക്കൂ
  3. Pls remove word verification in your setting to ease the commenting process. Thank u!

    മറുപടിഇല്ലാതാക്കൂ